This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലബ് റൂട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലബ് റൂട്ട്

Club root

ക്രൂസിഫെറെ സസ്യകുടുംബത്തില്‍പ്പെടുന്ന ചെടികളുടെ വേരിനെ ബാധിക്കുന്ന കുമിള്‍ രോഗം. മിക്സോമൈക്കോഫൈറ്റ (Myxomycophyta) ഫൈലത്തിലെ പ്ലാസ്മോഡിയോഫോറ ബ്രാസിക്കേ (Plasmodiophora brassicae) എന്നയിനം ഫംഗസാണ് ഈ രോഗഹേതു. കാബേജ്, മുള്ളങ്കി, റാഡിഷ് തുടങ്ങിയ ചെടികളുടെ വേരുകളില്‍ ഇവ മുഴകളുണ്ടാക്കുന്നു. ഈ മുഴകള്‍ വലുതായി പൊട്ടുമ്പോള്‍ ദുര്‍ഗന്ധമുണ്ടായിരിക്കും.

പ്ലാസ്മോഡിയോഫോറയുടെ മണ്ണിലുള്ള ചെറിയ ഉരുണ്ട സ്പോറുകള്‍ വസന്തകാലത്ത് മുളച്ച് സജീവങ്ങളായിത്തീരുന്നു. ഇവയ്ക്ക് ചലനത്തിന് സഹായമേകുന്ന രണ്ട് ഫ്ളാജല്ലങ്ങളും ഉണ്ട്. ചെടിയുടെ ഇളംവേരില്‍ ഇവ കടന്നുകൂടി കോശങ്ങളിലെത്തിച്ചേരുന്നു. അവിടെ ഇവ വിഭജനവിധേയമായി വേരില്‍ ഒരു മുഴപോലെയായിത്തീരുന്നു. ഇത് പ്ലാസ്മോഡിയം എന്ന പേരിലറിയപ്പെടുന്നു. വേരിന്റെ അടുത്തടുത്തുള്ള കോശങ്ങളിലേക്കും ഈ പരാദം വ്യാപിക്കാറുണ്ട്. കാലക്രമേണ പ്ലാസ്മോഡിയം പൊട്ടി ദുര്‍ഗന്ധം വമിക്കുകയും ചെറിയ സ്പോറുകള്‍ പുറത്തുവരികയും ചെയ്യും ഇതോടെ വേര് അഴുകിനശിക്കുകയും ചെയ്യുന്നു.

ക്ലബ് റൂട്ട് രോഗത്തെ തടയാനായി മണ്ണില്‍ കുമ്മായം കലര്‍ത്തുന്നത് ഫലപ്രദമെന്നു കണ്ടിട്ടുണ്ട്. രോഗം ബാധിച്ച ചെടികളെ കത്തിച്ചുകളയുകയും വേണം. ഈ ചെടികളെ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം മാത്രമേ കാലിത്തീറ്റയ്ക്കായി നല്കാനും പാടുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍